09:07am 28 November 2026
NEWS
മയക്കുമരുന്ന് കേസിൽ കുവൈത്ത് രാജകുടുംബാംഗം അറസ്റ്റിൽ
28/11/2026  08:52 AM IST
nila
മയക്കുമരുന്ന് കേസിൽ കുവൈത്ത് രാജകുടുംബാംഗം അറസ്റ്റിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ കുവൈത്ത് രാജകുടുംബാംഗം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പ്രതികളിൽനിന്ന് ഹാഷിഷും വിവിധതരം ലഹരിമരുന്ന് ഗുളികകളും പിടിച്ചെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരെ തുടർനിയമനടപടികൾക്കായി നാർക്കോട്ടിക്‌സ് വിഭാഗം പ്രോസിക്യൂഷന് കൈമാറി.

മയക്കുമരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽനിന്ന് 1.2 കിലോഗ്രാം ഹാഷിഷ്, 262 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 200 ട്രമഡോൾ ഗുളികകൾ, 100 ക്സാനാക്സ് ഗുളികകൾ, തിരിച്ചറിയാത്ത 38 ഗുളികകൾ എന്നിവയാണ് കണ്ടെത്തിയത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങളോ രാജകുടുംബാംഗത്തിന്റെ വ്യക്തിഗത വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.

രാജകുടുംബാംഗത്തിന് കേസിൽ പങ്കുണ്ടെന്ന കാര്യം സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രാലയം, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും വ്യക്തമാക്കി. രാജകുടുംബാംഗങ്ങളെന്ന പരിഗണനയിൽ ആർക്കും പ്രത്യേക ഇളവുകൾ അനുവദിക്കില്ലെന്നും എല്ലാ പൗരന്മാർക്കും നിയമം ഒരുപോലെ ബാധകമാണെന്നും മന്ത്രാലയം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

അപസ്മാരം, ഉത്കണ്ഠ, നാഡീസംബന്ധമായ വേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നാണ് ലിറിക്ക എന്നറിയപ്പെടുന്ന പ്രെഗബാലിൻ. എന്നാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഈ മരുന്ന് ലഹരിക്കായി ദുരുപയോഗം ചെയ്യുന്നത് ആശങ്കയുയർത്തുന്നുണ്ട്.

മയക്കുമരുന്ന് കടത്തിനെതിരായ നടപടികൾ കുവൈത്ത് സമീപകാലത്ത് ശക്തമാക്കിയിട്ടുണ്ട്. 2023ൽ സൗദി അതിർത്തിക്ക് സമീപമുള്ള ഫാമിൽനിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 1.5 കോടി മയക്കുമരുന്ന് ഗുളികകൾ അധികൃതർ പിടിച്ചെടുത്തിരുന്നു. രാജ്യത്തെ ലഹരിമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനായി പരിശോധനകളും നിരീക്ഷണവും കൂടുതൽ ശക്തമാക്കിവരുന്നതിനിടെയാണ് രാജകുടുംബാംഗം ഉൾപ്പെട്ട പുതിയ അറസ്റ്റ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img